
തിരുവല്ല: പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഏർപ്പെടുത്തിയ പ്രഥമ “പാലിയേക്കര ജോർജിയൻ പുരസ്കാരം” തിരുവിതാംകൂർ രാജകുടുംബാംഗമായ അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാനു സമ്മാനിച്ചു. വിശുദ്ധ കുർബാനാനന്തരം മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത പുരസ്കാരം നൽകി ആദരിച്ചു.
1815-ൽ പാലിയേക്കര പള്ളി പുനർനിർമ്മിക്കാൻ തിരുവിതാംകൂർ രാജകുടുംബം നൽകിയ സഹായങ്ങൾക്ക് നന്ദിസൂചകമായാണ് ഈ പുരസ്കാരം സ്ഥാപിച്ചത്. അന്നത്തെ അഗ്നിബാധയിൽ നശിച്ച ദേവാലയം, ഇടവക ജനങ്ങളുടെ അഭ്യർത്ഥന പ്രകാരം കേണൽ മൺറോയുടെ ഇടപെടലിലൂടെ തിരുവിതാംകൂർ ഭരണാധികാരികളുടെ സഹായത്തോടെ പുനർനിർമ്മിക്കപ്പെട്ടു. റാണി സേതുലക്ഷ്മിഭായി ദാനമായി നൽകിയ ഭൂമിയും ധനസഹായവും ഉപയോഗിച്ചാണ് നിലവിലെ ദേവാലയം സ്ഥാപിതമായത്.
പാലിയേക്കര ഇടവകയും തിരുവിതാംകൂർ രാജകുടുംബവും തമ്മിലുള്ള ദീർഘകാല ബന്ധം പരിഗണിച്ചാണ് പ്രിൻസ് ആദിത്യവർമ്മയെ ആദ്യ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. വരും വർഷങ്ങളിൽ സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് ഈ പുരസ്കാരം നൽകി ആദരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ ഇടവക വികാരി ഫാ. വർഗീസ് മാത്യു, സഹവികാരി ഫാ. ടിജോ ജോർജ്, പത്മശ്രീ കുര്യൻ ജോൺ മേളാംപരമ്പിൽ, കെ. എം. മാത്യു, അഡ്വ. പ്രദീപ് മാമൻ മാത്യു, ജോജോ വർഗീസ് എന്നിവർ പ്രസംഗിച്ചു.










